മലപ്പുറം: മലബാറിന്റെ വികസനം ഉറപ്പാക്കാൻ നിലവിലെ വലിയ ജില്ലകളെ വിഭജിക്കണമെന്ന് രാഷ്ട്രീയ പ്രവർത്തകൻ അൻവർ ആവശ്യപ്പെട്ടു. “വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക” എന്ന പ്രമേയവുമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലൂടെ ‘മലബാർ ജില്ലാ വിഭജന വികസന യാത്ര’ ആരംഭിക്കുന്നതായി അൻവർ അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളെ വിഭജിച്ച് മൂന്ന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. തിരൂർ, വടകര, ഷൊർണൂർ എന്നീ ജില്ലകളാണ് പുതുതായി രൂപീകരിക്കേണ്ടതെന്ന് അൻവർ വ്യക്തമാക്കി.
അൻവർ മുന്നോട്ടുവെക്കുന്ന ജില്ലാ വിഭജന രൂപരേഖ:
പാലക്കാട് ജില്ല (ആസ്ഥാനം: പാലക്കാട്) മണ്ഡലങ്ങൾ: മണ്ണാർക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂർ, ആലത്തൂർ, നെന്മാറ
തിരൂർ ജില്ല (ആസ്ഥാനം: തിരൂർ) മണ്ഡലങ്ങൾ: കോട്ടക്കൽ, തവനൂർ, പൊന്നാനി, താനൂർ, തിരൂർ, വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര
ഷൊർണൂർ ജില്ല (ആസ്ഥാനം: ഷൊർണൂർ) മണ്ഡലങ്ങൾ: തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, ചേലക്കര, തരൂർ
മലപ്പുറം ജില്ല (ആസ്ഥാനം: മലപ്പുറം) മണ്ഡലങ്ങൾ: ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി
കോഴിക്കോട് ജില്ല (ആസ്ഥാനം: കോഴിക്കോട്) മണ്ഡലങ്ങൾ: ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, കുന്ദമംഗലം, എലത്തൂർ, കൊടുവള്ളി, തിരുവമ്പാടി
ജില്ലാ വിഭജനത്തിലൂടെ ഭരണസൗകര്യങ്ങളും വികസനവും വേഗത്തിലാക്കാനാകുമെന്ന് അൻവർ അഭിപ്രായപ്പെട്ടു.
