അർജൻ്റീനയുടെ മത്സരം: മുന്നൊരുക്കങ്ങൾ വേഗത്തിൽ; സുരക്ഷ, പാർക്കിങ്, ആരോഗ്യം ഉൾപ്പെടെ ജില്ലാ കലക്ടറുടെ നിർദേശം

സുരക്ഷാ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടി വരാനിടയുണ്ട്

എറണാകുളം: മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിന്റെ കൊച്ചിയിലെ മത്സരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ശക്തമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ അടുത്ത മാസം നടക്കുന്ന മത്സരവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

സ്റ്റേഡിയം ലോകോത്തര നിലവാരത്തിലാക്കുന്നതിനായി നടക്കുന്ന അറ്റകുറ്റപ്പണികളുടെ പുരോഗതി യോഗം വിലയിരുത്തി. സുരക്ഷ, പാർക്കിങ്, ആരോഗ്യം, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കലക്ടർ നിർദേശിച്ചു.

യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, റൂറൽ എസ്.പി. എം. ഹേമലത, ഡിസിപി അശ്വതി ജിജി തുടങ്ങിയവർ പങ്കെടുത്തു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം സീറ്റിംഗ് ക്രമീകരണം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനക്കൂട്ടം നിയന്ത്രിക്കാനുള്ള പ്രത്യേക പദ്ധതി പൊലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് തയ്യാറാക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടി വരാനിടയുണ്ട്.

മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ, ഒരു ഐ.എ.എസ്. ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നവംബർ 16, 17 തീയതികളിലായിരിക്കും അർജൻ്റീന ടീം കൊച്ചിയിൽ കളിക്കുക. എതിരാളികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം മുഖ്യമന്ത്രി നടത്തും.

📌 കൂടുതൽ വാർത്തകൾക്ക് ❤️
https://malayalampulse.in

📌 Join WhatsApp: 💚
https://chat.whatsapp.com/HTK7iG1kLFEL6HXh9r5rRp

malayalampulse

malayalampulse