മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു.
25 കാരനായ അർജുൻ ഇടങ്കൈ ഫാസ്റ്റ്-ബൗളിംഗ് ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിലും 2021 മുതൽ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെയും ഭാഗമാണ്. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ മേഖലകളിൽ സ്വാധീനമുള്ള ഘായ് കുടുംബം ഇന്റർകോണ്ടിനെന്റൽ ഹോട്ടലിന്റെയും ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയുടെയും ഉടമസ്ഥരാണ്.
വളർത്തുമൃഗങ്ങൾക്കായുള്ള ചർമ്മസംരക്ഷണ, സ്പാ ബ്രാൻഡായ ‘മിസ്റ്റർ പോസ്’ (Mr. PAWS) സ്ഥാപകയായ സാനിയ മൃഗക്ഷേമത്തിലും സംരംഭകത്വത്തിലും സജീവമാണ്. ഡബ്ല്യുവിഎസിൽ (WVS) നിന്ന് എബിസി (ABC) പ്രോഗ്രാം പൂർത്തിയാക്കിയ അംഗീകൃത വെറ്ററിനറി ടെക്നീഷ്യൻ കൂടിയാണ് അവൾ. പൊതുശ്രദ്ധയിൽ നിന്ന് അകലെയിരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമാണെന്നും സുഹൃത്തുക്കൾ പറയുന്നു.
