ഗുരേസ് സെക്ടർ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത് കൊടും ഭീകരൻ ബാഗു ഖാൻ; “ഹ്യൂമൻ ജിപിഎസ്” എന്നു അറിയപ്പെട്ട ഇയാൾ ഇന്ത്യയിലേക്കുള്ള ഭീകര പ്രവേശനത്തിന് സഹായിച്ചിരുന്നതായി വിവരം

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന വധിച്ച രണ്ടു ഭീകരരിൽ ഒരാൾ കൊടും ഭീകരനും “സമുന്ദർ ചാച്ച” എന്നറിയപ്പെട്ടിരുന്ന ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു. 1995 മുതൽ പാക് അധീന കശ്മീരിൽ താവളമാക്കി ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്തുവരികയായിരുന്നു ഇയാൾ.

അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഭീകരര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഇയാളെ സുരക്ഷാസേന “ഹ്യൂമന്‍ ജിപിഎസ്” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതിർത്തിയിലെ എല്ലാ വഴികളെയും സംബന്ധിച്ച മികച്ച അറിവ് ഇയാള്‍ക്കുണ്ടായിരുന്നു.

ബാഗു ഖാന്‍റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലൂടെ ഇയാള്‍ പാക്കിസ്ഥാനിലെ മുസാഫറാബാദ് സ്വദേശിയാണെന്ന് വ്യക്തമായി. നൗഷേര നാര്‍ മേഖലയില്‍ നുഴഞ്ഞുകയറുന്നതിനിടെ മറ്റൊരു ഭീകരനൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടതാണ്.

വര്‍ഷങ്ങളോളം സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് പ്രവര്‍ത്തിച്ച ബാഗു ഖാന്റെ മരണം, ഈ മേഖലയിലെ ഭീകര സംഘടനകളുടെ ലോജിസ്റ്റിക്കല്‍ ശൃംഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

malayalampulse

malayalampulse