ഫരീദാബാദ്: ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ അന്വേഷണ സംഘം കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയിലായിരുന്നു. ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കള്‍ രഹസ്യമായി ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചതായി അന്വേഷണം സൂചിപ്പിക്കുന്നു.
പോലീസ് ഇപ്പോള്‍ ഈ മുറി സീല്‍ ചെയ്തിരിക്കുകയാണ്. പരിശോധനയില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും പെന്‍ ഡ്രൈവുകളും, കോഡ് വാക്കുകളും എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങിയ രണ്ട് ഡയറികളും കണ്ടെടുത്തതായി വ്യക്തമാക്കുന്നു. ഈ ഡയറികൾ ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെയും ഡോ. മുസമ്മിലിന്റെയും പേരിലാണ്.
ലബോറട്ടറിയില്‍ നിന്നു ലഭിച്ച രാസവസ്തുക്കളെ അമോണിയം നൈട്രേറ്റും മെറ്റാലിക് ഓക്സൈഡുകളും ചേര്‍ത്ത് സ്ഫോടകവസ്തുക്കള്‍ തയ്യാറാക്കിയതായാണ് സംശയം. പ്രാഥമിക അന്വേഷണത്തില്‍ ചെങ്കോട്ട സ്ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.
അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് ഭീകരര്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്
ചെങ്കോട്ട സ്‌ഫോടനത്തില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ഡോ. ഉമര്‍ ഉന്‍ നബി ഇതേ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു. സ്ഫോടനം നടക്കുന്നതിനുമുന്‍പ് തന്നെ, അതേ സ്ഥാപനത്തിലെ ഡോ. മുസമ്മില്‍ ഷക്കീലിന്റെ വാടകവീട്ടില്‍ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു.
പാക് ആസ്ഥാനമായ ജയ്ഷെ-മുഹമ്മദ് സംഘത്തിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയതായി കരുതപ്പെടുന്ന ഡോ. ഷഹീന്‍ ഷാഹിദും ഈ സര്‍വകലാശാലയിലെ ജീവനക്കാരിയായിരുന്നു. മുസമ്മിലും ഷഹീനും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, ഉമര്‍ സ്ഫോടനത്തില്‍ മരിച്ചു. ഇപ്പോഴും കശ്മീര്‍ സ്വദേശിയായ ഡോ. നിസാറുല്‍ ഹസ്സന്‍ കാണാതായിരിക്കുകയാണ്.
കാറും സര്‍വകലാശാലാ ബന്ധവും
ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറി പുല്‍വാമ സ്വദേശിയായ ഡോ. മുസമ്മിലിന്റേതായിരുന്നു. ഇവിടെ നിന്ന് തന്നെ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും സമാന്തര സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതായാണ് ആരോപണം. ഡിസംബര്‍ 6-ലെ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറും ഇതേ സര്‍വകലാശാലാ ക്യാമ്പസില്‍ നിന്നാണ് കണ്ടെത്തിയത്. ഹരിയാനയിലെ ഫരീദാബാദില്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെടുത്തത് മാരുതി സുസുക്കി ബ്രെസ മോഡലിലുള്ള കാറാണ്. പ്രതികള്‍ സ്ഫോടനത്തിന് ശേഷം ഇതിൽ രക്ഷപ്പെടാനായിരുന്നു പദ്ധതി.
സര്‍വകലാശാലയും നാക് വിവാദവും
സംഭവശേഷം മൗനം വെടിഞ്ഞ അല്‍-ഫലാഹ് സര്‍വകലാശാല തങ്ങൾക്ക് ബന്ധമില്ല എന്ന് വ്യക്തമാക്കിയെങ്കിലും, നാക് കൗൺസിൽ ഇപ്പോൾ സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. സർവകലാശാലാ വെബ്സൈറ്റിൽ വ്യാജ നാക് അംഗീകാരം പ്രദർശിപ്പിച്ചതിനാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് നാക്.
നാക് അംഗീകാരം ലഭിച്ചിട്ടില്ലെന്ന നിലയിലാണ് അന്വേഷണം. വെബ്സൈറ്റിൽ നൽകിയ തെറ്റായ വിവരങ്ങൾ പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നാക് വ്യക്തമാക്കി.
സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ പഴയ വിവാദങ്ങൾ
അല്‍-ഫലാഹ് ഗ്രൂപ്പിന്റെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖി, മുന്‍ ജാമിയ മില്ലിയ ഇസ്ലാമിയ ലക്ചററാണ്. 2000-ൽ വഞ്ചനയും വ്യാജ നിക്ഷേപവും സംബന്ധിച്ച കേസിൽ സഹോദരനൊപ്പം മൂന്ന് വര്‍ഷത്തിലേറെ തിഹാര്‍ ജയിലിൽ കിടന്നിരുന്നു.
2005-ൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയെങ്കിലും, ഇപ്പോൾ ഭീകരസംഘടനകളുടെ ആസൂത്രണ കേന്ദ്രമായി മാറിയിരിക്കുന്ന അല്‍-ഫലാഹ് സര്‍വകലാശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഏജൻസികൾ രംഗത്ത് എത്തിയിട്ടുണ്ട്.
