ബിഹാർ ജനവിധി: നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 ന്; വോട്ടെണ്ണൽ നവംബർ 14ന്

7.43 കോടി വോട്ടർമാർക്ക് വോട്ട് ചെയ്യാം | 90,712 പോളിംഗ് കേന്ദ്രങ്ങൾ | സുരക്ഷ കർശനമാകും

ദില്ലി: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ നവംബർ 14നാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലിയിലെ വിഗ്യാൻ ഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീയതികൾ പ്രഖ്യാപിച്ചത്.

മൊത്തം 7.43 കോടി വോട്ടർമാരാണ് ബിഹാറിൽ. അതിൽ 3.92 കോടി പുരുഷന്മാരും, 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു.

90,712 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ടെന്നും എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കുമെന്നും കമ്മീഷൻ അറിയിച്ചു.

കൂടാതെ, തെരഞ്ഞെടുപ്പ് കാലത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കൂടുതൽ കേന്ദ്രസേന വിന്യസിക്കുമെന്നും ഗ്യാനേഷ് കുമാർ അറിയിച്ചു.

വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പും

വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ ഇപ്പോഴും കമ്മീഷനെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

“എസ്ഐആർ (Special Intensive Revision) വഴി വോട്ടർ പട്ടിക നവീകരണം പൂർത്തിയാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ പട്ടിക കൈമാറി. ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകളും നടത്തി. ഇത്തവണ തെരഞ്ഞെടുപ്പ് കൂടുതൽ ലളിതവും പരാതികളില്ലാത്തതുമായിരിക്കും,”

എന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രസ്താവന.

രാഷ്ട്രീയ പശ്ചാത്തലം

വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയരംഗത്ത് വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 68.5 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ പ്രതിപക്ഷമായ മഹാസഖ്യം ശക്തമായി ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇത്തവണ ഒറ്റ ഘട്ടം മതിയെന്നായിരുന്നു എൻഡിഎയുടെ ആവശ്യം; അതേസമയം രണ്ട് ഘട്ടം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ദീപാവലി, ഛാഠ് പൂജ എന്നിവ കഴിഞ്ഞ ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നതും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നതാണ്.

മുമ്പത്തെ തെരഞ്ഞെടുപ്പ് ഓർമകൾ

കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് 2020ൽ ഒക്ടോബർ 28 മുതൽ നവംബർ 10 വരെ മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്.

56.93 ശതമാനം പോളിംഗാണ് അന്ന് രേഖപ്പെടുത്തിയത്.

75 സീറ്റുകൾ നേടി ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, ജെഡിയുവും ബിജെപിയും ചേർന്ന എൻഡിഎ അധികാരം പിടിച്ചെടുത്തു.

നിതീഷ് കുമാർ തുടർച്ചയായി ഭരണത്തിൽ തുടരുന്ന സാഹചര്യത്തിൽ, ഈ തവണത്തെ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ 10 വർഷത്തെ ഭരണത്തിന്‍റെ ജനവിധി വിലയിരുത്തലായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ആര് വാഴും, ആര് വീഴും?

നിതീഷ് കുമാറിന്റെ അനാരോഗ്യവും ഭരണവിരുദ്ധ വികാരവും പ്രതിപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം. അതേസമയം, ഓപ്പറേഷൻ സിന്ദൂർ, ജിഎസ്ടി ഇളവുകൾ, വികസന പദ്ധതികൾ എന്നിവയെ ആധാരമാക്കി എൻഡിഎ വീണ്ടും അധികാരം ഉറപ്പിക്കാമെന്നാണ് അവരുടെ വിലയിരുത്തൽ.

രാഹുൽ ഗാന്ധിയും തേജസ്വി യാദവും ചേർന്ന് നടത്തിയ പ്രചാരണ യാത്രയും, പിന്നീട് തേജസ്വിയുടെ ഒറ്റയാത്രയും ജനവിധിയെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

malayalampulse

malayalampulse