വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിഹാര്‍ പ്രചാരണത്തിനിടെ വെടിവയ്പ്; ജന്‍സുരാജ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ് നടന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രവർത്തകനായ ദുലർചന്ദ് യാദവ് ആണ് മരിച്ചത്.

സംഭവം പട്‌നയിലെ മൊകാമ മേഖലയിൽ നടന്നതാണ്.

ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പിയൂഷ് പ്രിയദർശിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത് എന്ന് പൊലീസ് അറിയിച്ചു.

പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് വെടിവയ്പ്പ്. കാറിനകത്ത് വച്ചാണ് ദുലർചന്ദ് യാദവിന് വെടിയേറ്റത്.

രണ്ട് പാർട്ടികളുടെ വാഹനറാലികൾ കടന്നുപോകുന്നതിനിടെ ഇരുവിഭാഗത്തുനിന്നും വെടിവയ്പ്പ് നടന്നതായാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയത്.

സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മൊകാമ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ജെ.ഡി.യുവിലെ അനന്ത് സിംഗ്, ആർ.ജെ.ഡി സ്ഥാനാർത്ഥിയായി വീണാ ദേവി എന്നിവർ മത്സരിക്കുകയാണ്.

മൊകാമയിൽ വോട്ടെടുപ്പ് നവംബർ 6-നാണ് നടക്കുക.

malayalampulse

malayalampulse