അന്തിമവോട്ടർ പട്ടികക്ക് ശേഷം മൂന്നുലക്ഷം പേർ അധികമായി വന്നത് പേരു ചേർക്കാൻ അവസരം നൽകിയതോടെയെന്നാണ് കമ്മീഷന്റെ വിശദീകരണം
ന്യൂഡൽഹി ∣ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി വോട്ട് രേഖപ്പെടുത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങിയതിന് ശേഷമുള്ള പത്തുദിവസത്തെ പുതുക്കൽ പ്രക്രിയയിൽ മൂന്നുലക്ഷം പേർ കൂടി പേര് ചേർത്തതാകെയാണ് 7.42 കോടിയിൽ നിന്ന് 7.45 കോടിയായതെന്ന് കമ്മീഷൻ വ്യക്തമാക്കി.
എസ്‌ഐആർ (Special Summary Revision) പൂർത്തിയായപ്പോൾ ബിഹാറിൽ 7.42 കോടി പേരാണ് വോട്ടർമാരായി പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ അതിന് ശേഷമുള്ള നിയമാനുസൃതമായ ചേർക്കൽ കാലയളവിൽ മൂന്നുലക്ഷം പേർ കൂടി പേര് ചേർത്തുവെന്നും അതിനാലാണ് വോട്ടർസംഖ്യ ഉയർന്നതും അധിക വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ പാർട്ടികൾ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. കർണാടക, ഹരിയാന എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത കള്ളവോട്ട് രീതികൾ ബിഹാറിലും ആവർത്തിച്ചതായാണ് കോൺഗ്രസ് ആരോപിക്കുന്നത്. ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് പ്രതിപക്ഷം നടപടി ആരംഭിച്ചിരിക്കുന്നത്.
ബിഹാറിൽ പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകളും പുരോഗമിക്കുന്നു. എൻഡിഎ നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തുടരുന്നതിനെക്കുറിച്ച് ആഭ്യന്തര വിയോജിപ്പ് ബിജെപിക്കുള്ളിൽ ഏറെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന ബിജെപിക്ക് നിർദേശം നൽകിയിട്ടുണ്ട്.
