ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് റെക്കോര്‍ഡ് പോളിങ്; 71 ശതമാനം വനിതകള്‍ വോട്ട് ചെയ്‌തു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1951ന് ശേഷമുള്ള ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചതനുസരിച്ച് ആകെ 66.91 ശതമാനം പോളിങാണ് നടന്നത്. ആദ്യഘട്ടത്തില്‍ 65.08 ശതമാനവും രണ്ടാംഘട്ടത്തില്‍ 68.76 ശതമാനവുമാണ് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. 71 ശതമാനം വനിതകളും 62 ശതമാനം പുരുഷന്മാരുമാണ് വോട്ട് ചെയ്തത്. സ്ത്രീകളുടെ ഈ സജീവ പങ്കാളിത്തം ബിഹാര്‍ തെരഞ്ഞെടുപ്പിന് പുതിയ മുഖം നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി.

അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. എല്ലാ പ്രധാന എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് 130ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

പീപ്പിള്‍സ് പള്‍സ് സര്‍വെയില്‍ എന്‍ഡിഎയ്ക്ക് 133 മുതല്‍ 159 വരെ സീറ്റുകളും ഇന്ത്യാ സഖ്യത്തിന് 75 മുതല്‍ 101 വരെ സീറ്റുകളുമാണ് പ്രവചിച്ചത്. മാട്രിസ് എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 167 സീറ്റും ഇന്ത്യാ സഖ്യത്തിന് 70 മുതല്‍ 90 വരെ സീറ്റും ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു.

പിമാര്‍ക്യു എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 142 മുതല്‍ 162 സീറ്റുകള്‍ ലഭിക്കുമെന്നും ചാണക്യ സ്ട്രാറ്റജീസിന്റെ പോളില്‍ എന്‍ഡിഎക്ക് പരമാവധി 138 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചനം. ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. രണ്ടാം ഘട്ടത്തില്‍ 122 മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 2020ല്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു.

malayalampulse

malayalampulse