തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി K. B. Ganesh Kumar നെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശമായ ഒരു കാഴ്ചയാണ് കണ്ടതെന്നും അതിന് തെളിവായി ചിത്രങ്ങൾ കൈവശമുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകളായ Veena Vijayan നെ വിളിച്ച് അറിയിച്ചതായും ബിന്ദു മേനോൻ വ്യക്തമാക്കി.
ഒരു അഭിമുഖത്തിന് പ്രതികരിക്കവെയായിരുന്നു ബിന്ദു മേനോൻ ആരോപണങ്ങൾ ഉന്നയിച്ചത്. 2014ൽ വിവാഹം കഴിഞ്ഞതുമുതൽ തന്നെ തങ്ങൾക്ക് ഇടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. 2019ൽ ഉണ്ടായ പ്രശ്ന സമയത്തും ബന്ധുവായ ശ്രീലേഖയുടെ ഇടപെടലിലൂടെ ഒത്തുതീർപ്പ് ശ്രമം നടന്നിരുന്നുവെന്നും പിന്നീട് വീണ്ടും ഒരുമിച്ച് താമസിച്ചതായും അവർ വ്യക്തമാക്കി.
മന്ത്രിയായതിനുശേഷം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായതായി ബിന്ദു മേനോൻ ആരോപിച്ചു. മന്ത്രിയുടെ സുഹൃത്തുക്കളും സ്റ്റാഫും തനിക്കെതിരാണെന്നും അധികാരത്തിനൊപ്പം മാത്രമാണ് ആളുകൾ നിൽക്കുന്നതെന്നും അവർ പറഞ്ഞു. രണ്ട് മാസമായി താനും മന്ത്രിയും അകന്നു കഴിയുകയാണെന്നും ഫോൺ വരെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് വിശദീകരിക്കവെ ബിന്ദു മേനോൻ പറഞ്ഞത് ഇങ്ങനെ: സംശയങ്ങൾ നീക്കാൻ ആരോടും പറയാതെ ശനിയാഴ്ച വാളകത്തെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് ബെഡ്റൂമിലേക്ക് പോയി. അവിടെ കണ്ടത് പറയാൻ കഴിയാത്തത്ര മോശമായ കാഴ്ചയായിരുന്നു. അത് ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ സ്റ്റാഫ് തടഞ്ഞുവെന്നും അവർ ആരോപിച്ചു. എന്നാൽ ചിത്രങ്ങൾ തനിക്ക് കൈവശമുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ശ്രീലേഖയെ വിളിച്ചുവെന്നും അവരുടെ നിർദേശപ്രകാരം കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു പോലീസിനെ വിളിച്ചുവെന്നും ബിന്ദു മേനോൻ പറഞ്ഞു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന സ്ത്രീയെ മന്ത്രിയുടെ സ്റ്റാഫ് കാറിൽ കയറ്റി കൊണ്ടുപോയതായും അവർ ആരോപിച്ചു.
പൊലീസിനോട് വിവരം പറഞ്ഞപ്പോൾ അത് അവരുടെ പരിധിയിൽപ്പെടുന്ന കാര്യമല്ലെന്ന് ആദ്യം പറഞ്ഞുവെന്നും പിന്നീട് കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെന്നും ബിന്ദു മേനോൻ പറഞ്ഞു. പിന്നീട് വീട്ടിൽ നിന്ന് സ്വന്തം സാധനങ്ങൾ എടുത്ത് പുറത്തിറങ്ങിയെന്നും മന്ത്രി പിന്നീട് ക്ഷമ പോലും ചോദിച്ചില്ലെന്നും അവർ പറഞ്ഞു.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും എന്നാൽ താൻ 112ൽ വിളിച്ചത് ‘വട്ടായിട്ടാണ്’ എന്ന് മന്ത്രി പറഞ്ഞതിൽ പ്രതികരിക്കാനാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.
