ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു.

2023 മുതൽ സംസ്ഥാന സെക്രട്ടറിയായിരുന്നെങ്കിലും, ബിനോയ് വിശ്വത്തെ സംസ്ഥാന സമ്മേളനം മുഖേന തെരഞ്ഞെടുക്കുന്നത് ഇതാദ്യമാണ്. 2022-ലെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രനാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പിന്നീട് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023-ൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായത്.

സെപ്റ്റംബർ 8-നാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ ഒരുക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിൽ പൊതുസമ്മേളനം നടക്കും. വോളണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.

malayalampulse

malayalampulse