സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം; ചെറുകുന്നിൽ സംഘർഷം കടുത്തു

കണ്ണൂർ: സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുന്‍ മാവിലക്കണ്ടിയുടെ പ്രസംഗം വിവാദമാകുന്നു. സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.

“ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി—എല്ലാവരുടെയും വീടുകളിലേക്ക് ബോംബ് എറിയാൻ കഴിയും. നിങ്ങളുടെ മക്കൾ എവിടെ പഠിക്കുന്നുവെന്നതും ഞങ്ങൾക്കറിയാം. ക്ഷമ പരീക്ഷിക്കുകയാണെങ്കിൽ നെഞ്ചിൽ നിന്നുമാണ് കണ്ണീർ വരുത്തുക.” – എന്നാണ് അർജുന്‍ പ്രസംഗിച്ചത്.

ചെറുകുന്നിൽ ബോംബേറ്

കണ്ണൂർ ചെറുകുന്നിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ഇന്ന് പുലർച്ചെ ബോംബേറുണ്ടായിരുന്നു. കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ. ബിജുവിന്റെ വീടിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവസമയത്ത് ബിജുവിനോടൊപ്പം മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഭാഗ്യവശാൽ ആരും പരിക്കേറ്റിട്ടില്ല.

സംഭവത്തിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം. സംഭവത്തെ തുടർന്ന് സിപിഐഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

ബിജെപി–സിപിഐഎം സംഘർഷം ശക്തമായ ചെറുകുന്ന് പ്രദേശത്ത് ഫ്ലെക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

malayalampulse

malayalampulse