കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത്‌ലെവൽ ഓഫീസർ (BLO) ജീവനൊടുക്കിയ സംഭവത്തിൽ ജോലിസംബന്ധിച്ച സമ്മർദം കാരണമെന്നാരോപണം ഉയരുന്നു. കുന്നരു യു.പി സ്കൂളിലെ പ്യൂണായ അനീഷ് ജോർജിനെ ആണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷ് ജോർജ് ബിഎൽഒ ജോലിയുടെ അതിരൂക്ഷമായ സമ്മർദത്തെക്കുറിച്ച് നേരത്തെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
സംഭവത്തെ തുടർന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
