ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്തും പന്ത്രണ്ടും ക്ലാസുകളിലെ 2026ലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ ആരംഭിക്കും.
വിദ്യാര്‍ഥികളും സ്കൂളുകളും CBSEയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in വഴി വിശദമായ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷ ആരംഭിക്കുന്നതിന് 146 ദിവസം മുമ്പ്, സെപ്റ്റംബര്‍ 24ന് താല്‍ക്കാലിക ടൈംടേബിള്‍ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. എല്ലാ സ്‌കൂളുകളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്നതിനായാണ് ഈ നടപടി.
രാവിലെ 10 മണിയ്ക്കാണ് പരീക്ഷകള്‍ ആരംഭിക്കുക. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമെന്ന് ബോര്‍ഡ് അറിയിച്ചു. പരീക്ഷകളുടെ ഇടവേളകള്‍ വിദ്യാർത്ഥികളുടെ സൗകര്യം പരിഗണിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്.
പത്താം ക്ലാസില്‍ കണക്കാണ് (Mathematics) ആദ്യ പരീക്ഷ. പന്ത്രണ്ടാം ക്ലാസില്‍ ബയോടെക്‌നോളജിയും എന്റർപ്രനർഷിപ്പ് വിഷയങ്ങളുമാണ് ആദ്യം. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എപ്രില്‍ 9ന് സമാപിക്കും.
