ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് ലഭിച്ച പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:
റെയർ എർത്ത് മൈനിങ് കോറിഡോർ: റെയർ എർത്ത് മൈനിങ് (ധാതുമണൽ ഖനനം) കോറിഡോറിൽ കേരളത്തെയും ഉൾപ്പെടുത്തി. കേരളം, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പദ്ധതി നടപ്പിലാക്കും. ഖനനം, സംസ്കരണം, മൂല്യവർധന എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലക്ഷ്യം.
കടലാമ പരിചരണ കേന്ദ്രം: കേരളത്തിലും കർണാടകയിലും കടലാമ സംരക്ഷണത്തിനും പരിചരണത്തിനുമായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും. മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികളെ കേന്ദ്രീകരിച്ചുള്ള പദ്ധതിയും പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
തേങ്ങ കർഷകർക്ക് പ്രോത്സാഹനം: ‘കോക്കനട്ട് പ്രോമോഷൻ സ്കീം’ പ്രഖ്യാപിച്ചു. ഏകദേശം ഒരു കോടി കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പ്രധാന ഉത്പാദന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നട്ടുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകും. ഇന്ത്യൻ കശുവണ്ടിയെയും തേങ്ങയെയും ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സഹായവും ബജറ്റിൽ ഉൾപ്പെടുത്തി.
