പഞ്ചായത്ത് വികസനസദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം ∣ October 27, 2025:

പുതുപ്പള്ളി പഞ്ചായത്തിൽ സംഘടിപ്പിച്ച വികസനസദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പഞ്ചായത്ത് വികസനസദസ് പോസ്റ്ററിൽ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉൾപ്പെടുത്തിയതിനെതിരെ നടത്തിയ പ്രതിഷേധമായിരുന്നു ഇത്.

യുഡിഎഫ് അംഗങ്ങൾ ഇതിനകം തന്നെ വികസനസദസ് ബഹിഷ്‌കരിച്ചിരുന്നു. അനുമതിയില്ലാതെ പല ചടങ്ങുകളിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നതായും ഇതു രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും എംഎൽഎ ആരോപിച്ചു.

“വികസനസദസുമായി ബന്ധപ്പെട്ട് സഹകരിക്കേണ്ടതില്ല എന്ന യുഡിഎഫിന്റെ തീരുമാനമുണ്ട്. എന്നിട്ടും എന്റെ ഫോട്ടോ പോസ്റ്ററിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. പുതുപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ അച്ഛൻ ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകിയിരിക്കുന്നത്. പണി തീരാത്ത കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത് അവഹേളനത്തിന് തുല്യമാണ്. ഒരു മകനെന്ന നിലയിൽ അതിനെതിരെ പ്രതികരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്,” — ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

അതേസമയം, അനാവശ്യമായി പ്രതിഷേധം നടത്തി ശ്രദ്ധ തിരിക്കാനാണ് എംഎൽഎ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. “പതിറ്റാണ്ടുകളോളം യുഡിഎഫ് ഭരിച്ചിട്ടും പഞ്ചായത്ത് വികസനരംഗത്ത് യാതൊരു നേട്ടവും കൈവരിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പുതുപ്പള്ളിയിൽ നിരവധി വികസനപദ്ധതികൾ നടപ്പാക്കി. ഇവയെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് എംഎൽഎ ശ്രമിക്കുന്നത്,” — സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി.

malayalampulse

malayalampulse