തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്നാരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. ചക്കിപ്പാറ സ്വദേശിയായ സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമയാണ് മരിച്ചത്.
കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കടയിലെ Mammal Hospital ൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. ശ്വാസതടസ്സത്തിന് ആവി പിടിപ്പിച്ചതിന് ശേഷം രണ്ട് ഇഞ്ചക്ഷനുകൾ നൽകിയതോടെയാണ് നില വഷളായതെന്ന് മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു. “ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു” എന്നാണ് പിതാവ് പറഞ്ഞത്.
നില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ആംബുലൻസിൽ Neyyar Medicity ലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം നെയ്യാർ മെഡിസിറ്റിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ ചികിത്സാ പിഴവുണ്ടോയെന്ന് വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകും. അതേസമയം, ബന്ധുക്കളെ ആംബുലൻസിൽ കയറുന്നതിൽ നിന്ന് ആശുപത്രി ജീവനക്കാർ ആദ്യം തടഞ്ഞുവെന്നും കുടുംബം ആരോപിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
