ദില്ലി: ഇന്ത്യക്കും ബ്രസീലിനും അമേരിക്ക ഏർപ്പെടുത്തിയ 50% ഇറക്കുമതി തീരുവ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്തെത്തി. അമേരിക്കയെ “ഭീഷണിക്കാരൻ” എന്നാണ് ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് വിശേഷിപ്പിച്ചത്. “ഭീഷണിപ്പെടുത്തുന്ന ആൾക്ക് ഒരു ഇഞ്ച് കൊടുക്കുമ്പോൾ, ഒരു മൈൽ മുന്നോട്ട് പോകും” എന്ന് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കാതെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് ഭീഷണിയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഭിപ്രായപ്പെട്ടു. ബ്രസീലിയൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സെൽസോ അമോറിമുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. താരിഫ് മറ്റു രാജ്യങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കുന്നത് യുഎൻ ചാർട്ടറിന്റെയും ഡബ്ല്യുടിഒ നിയമങ്ങളുടെയും ലംഘനമാണെന്നും വാങ് യി ചൂണ്ടിക്കാട്ടി.
ചൈന, ബ്രസീലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. വികസ്വര രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്താനുള്ള വേദിയായി ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിനോടുള്ള വിശ്വാസവും അവർ പ്രകടിപ്പിച്ചു. മറുപടിയായി ബ്രസീൽ ചൈനയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.
താരിഫ് വിവാദത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഫോണിൽ സംസാരിച്ചു. എന്നാൽ ഈ സംഭാഷണം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഐക്യം ഉറപ്പാക്കാൻ ലുല ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി എത്തും. 2020 ലെ ഗാൽവാൻ സംഘർഷത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചൈന സന്ദർശനമാണിത്. 2019 ലാണ് അവസാനമായി മോദി ചൈന സന്ദർശിച്ചത്.
