ന്യൂഡൽഹി: 2025ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്ത്. അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിലെത്തി.
മലയാളിയായ സിദ്ധാര്‍ത്ഥ് എം ജോയ് 271-ാം റാങ്ക് നേടി. തിരുവനന്തപുരം നാരുവാമൂട് സ്വദേശിയായ ജെ.എസ്. ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശിയായ അജയ് ആർ രാജ് 109-ാം റാങ്കും നേടി.
പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമഫലം പ്രഖ്യാപിച്ചത്. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും.
2025 മേയ് 25-നായിരുന്നു പ്രിലിമിനറി പരീക്ഷ. ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാനഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് ഫെബ്രുവരി 27-നാണ് അവസാനിച്ചത്. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യുപിഎസ്‌സി അന്തിമഫലം പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും തുടർന്നു.
