ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല; ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിൽ
ബംഗളൂരു: ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബംഗളൂരു സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡിസിപി) ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
സി.ജെ റോയിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വെടിയുണ്ട കയറി ഹൃദയവും ശ്വാസകോശവും ഗുരുതരമായി തകർന്നതായാണ് റിപ്പോർട്ട്. റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. 6.35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽ നിന്ന് ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് മൂന്ന് ദിവസമായി ഇൻകം ടാക്സ് വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്ന നിഗമനവും ശക്തമാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ കടുത്ത സമ്മർദം ചെലുത്തിയിരുന്നുവെന്ന ആരോപണം റോയിയുടെ സഹോദരനും ഉന്നയിച്ചിട്ടുണ്ട്.
സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കർണാടക സിഐഡി സംഘം അന്വേഷിക്കുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും. ചട്ടങ്ങൾ ലംഘിച്ചാണ് കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നൽകിയ പരാതിയിൽ പറയുന്നു.
തോക്ക് ലൈസൻസ് ഉണ്ടോയെന്ന പരിശോധന പോലും നടത്താതെയാണ് റെയ്ഡ് നടത്തിയതെന്നും, സാധാരണയായി തോക്ക് വാങ്ങി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഇത്തരം പരിശോധനകൾ നടത്താറുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
