കോൺഗ്രസിലേക്കില്ല; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സിപിഐഎം നേതാവ് സി.കെ.പി പത്മനാഭൻ. കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചു.

കെ. സുധാകരൻ വീട്ടിലെത്തി കണ്ടത് തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണെന്നും, ഇത് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപാണ് നടന്നതെന്നും സി.കെ.പി വ്യക്തമാക്കി. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായല്ല കൂടിക്കാഴ്ച നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

സി.കെ.പി പത്മനാഭന് സിപിഐഎമ്മിൽ അതൃപ്തിയുണ്ടെന്നും കോൺഗ്രസിലേക്ക് പോകുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ സിപിഐഎമ്മിനോട് തനിക്ക് വിമർശനവും മതിപ്പും ഒരുപോലെ ഉണ്ടെന്ന് സി.കെ.പി പത്മനാഭൻ പ്രതികരിച്ചു. ഇത് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയായിരുന്നു സി.കെ.പി പാർട്ടി വിടുമെന്ന തരത്തിലുള്ള സൂചനകൾ ശക്തമായത്. പാർട്ടി നടപടി നേരിട്ടവരിൽ സികെപി ഒഴികെ എല്ലാവരെയും സിപിഐഎം തിരിച്ചെടുത്തുവെന്നതും ഈ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഈ സാഹചര്യം മുതലെടുത്ത് സി.കെ.പിയെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. കെ. സുധാകരൻ സികെപിയെ വീട്ടിലെത്തി കണ്ട ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നിരുന്നു.

malayalampulse

malayalampulse