കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വൻ വിജയം. 15 സീറ്റുകളിൽ 14 എണ്ണത്തിൽ കെഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയൻ പിടിച്ചടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന എംജി സർവകലാശാല തെരഞ്ഞെടുപ്പിനിടെ സിഎംഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സംഘർഷം മൂലം വോട്ടെണ്ണലും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും ഫലം പുറത്തുവിടാതെ പൊലീസ് നിർദേശം അംഗീകരിക്കുകയായിരുന്നു.
അഞ്ചര മണിക്കൂറോളം നീണ്ട സംഘർഷത്തിൽ എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം, കോൺഗ്രസ് നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സ്ഥിതി നിയന്ത്രണ വിധേയമായത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം. തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം സൃഷ്ടിച്ചതാണെന്നും കെഎസ്‌യു ആരോപിച്ചു.
