കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ്‌ ബെംഗളൂരുവിൽ മരിച്ച നിലയിൽ; ഐടി റെയ്ഡിനിടെയുണ്ടായ സംഭവം, അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി ജെ റോയ്‌ (57) ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലാംഫോർഡ് റോഡിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഗ്രൂപ്പ് ഓഫീസിലാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ശേഷം ആദായനികുതി വകുപ്പിന്റെ സംഘം സ്ഥാപനത്തിൽ പരിശോധന ആരംഭിച്ചിരുന്നു. ഈ സമയത്തിനിടെയാണ് സി ജെ റോയ്‌ ഓഫീസിലെ തന്റെ മുറിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തപ്പെട്ടത്. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് അശോക് നഗർ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. ഫോറൻസിക് സയൻസ് ലാബ് (FSL) ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. സംഭവസ്ഥലത്ത് നിന്ന് ഉപയോഗിച്ചതായി കരുതുന്ന തോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഓഫീസിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

വെടിയുതിർക്കുന്ന ശബ്ദം കേട്ട ജീവനക്കാരാണ് പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്ന എല്ലാവരിൽ നിന്നും വിശദമായ മൊഴിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ നടന്നത് ഔദ്യോഗികമായി ‘റെയ്ഡ്’ ആയിരുന്നുവെന്ന് ആദായനികുതി വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ സി ജെ റോയിയുടെ അപ്രതീക്ഷിത മരണവാർത്ത വ്യവസായ രംഗത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

malayalampulse

malayalampulse