കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വേദിയിൽ പുകഴ്ത്തിയ പ്രസംഗം വിവാദമായതോടെ കോൺഗ്രസ് നേതാവും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ തലച്ചിറ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന ചടങ്ങിലാണ് അസീസ് വിവാദ പ്രസംഗം നടത്തിയത്. “ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണ്, ഇദ്ദേഹത്തെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണം,” എന്നായിരുന്നു അസീസിന്റെ പ്രസ്താവന.
പ്രസംഗം പുറത്തുവന്നതിനെ തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കി ജില്ല കോൺഗ്രസ് കമ്മിറ്റി അസീസിനോട് വിശദീകരണം തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി.
ഗണേഷ് കുമാറിനെ സംബന്ധിച്ച പ്രശംസാപരമായ പ്രസ്താവനകൾ കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുകയായിരുന്നുവെന്നും പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് വിരുദ്ധമായ പ്രസംഗങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഡി.സി.സി നേതാക്കൾ വ്യക്തമാക്കി.
