ഭോപ്പാൽ: കഫ് സിറപ്പ് ദുരന്തത്തിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരിൽ ചികിത്സയിലായിരുന്ന കുട്ടികളിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. വൃക്ക തകരാറാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
വിശാൽ (5) മായങ്ക് സൂര്യവംശി (4) എന്നിവരാണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. ചിന്ദ്വാര ജില്ലാ അധികാരികൾ അറിയിച്ചു.
അതേസമയം, കഫ് സിറപ്പ് നിർമ്മിച്ച ശ്രീശൻ ഫാർമയുടെ ഉടമ രംഗനാഥനെ പൊലീസ് ചെന്നൈയിൽ അറസ്റ്റ് ചെയ്തു. കോൾഡ്രിഫ് ബ്രാൻഡിൽ വിൽക്കുന്ന സിറപ്പാണ് ദുരന്തത്തിന് കാരണമായത്. മരുന്നിന്റെ സാമ്പിളുകളിൽ അപകടകരമായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (48.9%) അടങ്ങിയതായി പരിശോധനയിൽ കണ്ടെത്തി.
കമ്പനി ഉടമയും കുടുംബവും ഒളിവിലായതിനെ തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ചിരുന്നു. ചെന്നൈയിലെ ഫാർമ യൂണിറ്റുകളിൽ പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
മധ്യപ്രദേശ് സർക്കാർ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. മരുന്ന് മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്നതിൽ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ടു.
ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഡോ. രാജീവ് സിങ് രഘുവംശി എല്ലാ സംസ്ഥാനങ്ങൾക്കും കർശന നിർദേശം നൽകി. 1945ലെ ഡ്രഗ്‌സ് നിയമങ്ങൾ കൃത്യമായി പാലിക്കണം, അസംസ്കൃത വസ്തുക്കൾക്കും മരുന്നിനും അംഗീകൃത ലബോറട്ടറിയിൽ പരിശോധന നടത്തണം, രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കണമെന്നും നിർദേശിച്ചു.
കഫ് സിറപ്പ് ദുരന്തം രാജ്യത്തെ മരുന്ന് നിയന്ത്രണ സംവിധാനങ്ങളെയും സുരക്ഷാ മാനദണ്ഡങ്ങളെയും ചോദ്യംചെയ്യുന്ന മറ്റൊരു ദാരുണ സംഭവമായി മാറിയിരിക്കുകയാണ്.
