കൊച്ചി: യൂട്യൂബർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ കൊച്ചി പൊലീസിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളായിട്ടും എന്തുകൊണ്ട് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഷാജൻ സ്‌കറിയ ഒളിവിലാണെന്ന പൊലീസിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. പ്രതിദിനം യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഒരാൾ എങ്ങനെ ഒളിവിലാകുമെന്ന് കോടതി ചോദിച്ചു. ഇത്രയും പ്രശ്നക്കാരനായ വ്യക്തിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
ഡോക്ടറുടെ ഫോൺ ചോർത്തിയെന്ന കേസിൽ ഷാജൻ സ്‌കറിയ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. കടവന്ത്ര പൊലീസ് നേരത്തെ ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബിഎൻഎസ്, ഐടി നിയമം, ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണ നിയമം എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകളാണ് യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും.
