സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

152 വോട്ടുകളുടെ ഭൂരിപക്ഷത്തിലൂടെയാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേൽക്കുന്നു.

ആരാണ് സി പി രാധാകൃഷ്ണൻ?

1957 ഒക്ടോബർ 20-ന് തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. 1998-ലും 1999-ലും കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ എംപിയായി വിജയിച്ചു. വി.ഒ. ചിദംബരം കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ അദ്ദേഹം, 17ാം വയസിൽ തന്നെ ഭാരതീയ ജനസംഘത്തിലും ആർഎസ്എസിലും സജീവമായി.

സംസ്ഥാന ബിജെപി പ്രസിഡന്റായും, കയർ ബോർഡ് ചെയർമാനായും, ടെക്സ്റ്റൈൽസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2004-07 കാലഘട്ടത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷനായിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായും പിന്നീട് തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ അധിക ചുമതലകളും വഹിച്ചു. 2024 ജൂലൈയിൽ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റ അദ്ദേഹം, അനുഭവസമ്പന്നനായ ബിജെപി നേതാവെന്ന നിലയിലാണ് അറിയപ്പെടുന്നത്.

malayalampulse

malayalampulse