ആലപ്പുഴ∣ October 27, 2025:
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന തീരുമാനവുമായി സിപിഐ മുന്നോട്ട്. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയിലെത്തിയത്.
ഇനിയും പാർട്ടി നിർവാഹക സമിതി ചേരണമോ എന്നത് മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തുന്ന ചർച്ചയ്ക്കുശേഷം തീരുമാനിക്കും.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നതാണ് സർക്കാരിന്റെ നിലപാട്. സിപിഐയെ അനുനയിപ്പിച്ച് കൂട്ടായി നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ബിനോയ് വിശ്വവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. കരാറിൽ ഒപ്പുവെച്ചെങ്കിലും പദ്ധതി കേരളത്തിൽ ഉടൻ നടപ്പാക്കില്ലെന്ന് സിപിഐയെ അറിയിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചതിന് പിന്നാലെ കടുത്ത എതിർപ്പുമായി സിപിഐ രംഗത്തെത്തിയിരുന്നു. ആരോടും ചർച്ച ചെയ്യാതെയാണ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനം.
“ഘടകകക്ഷികളെ ഇരുട്ടിലാക്കി എൽഡിഎഫ് മുന്നോട്ട് പോകരുത്,” എന്നതാണ് സിപിഐയുടെ ആവർത്തിച്ച നിലപാട്.
