ചണ്ഡീഗഢ്: അധികാരത്തെ വ്യക്തിഗത നേട്ടത്തിനായി ചിലർ ദുരുപയോഗം ചെയ്യുന്നതായും വിഭാഗീയത പാർട്ടിയിൽ ശക്തിപ്പെടുന്നതായും സിപിഐ സംഘടനാ റിപ്പോർട്ടിൽ കർശന വിമർശനം.
തിരഞ്ഞെടുപ്പിൽ സീറ്റുകൾ നിഷേധിച്ചാൽ പാർട്ടി വിടുമെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നതായും പ്രത്യയശാസ്ത്ര പ്രതിബദ്ധതയ്ക്ക് പകരം വ്യക്തിതാത്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചില നേതാക്കൾ പാർട്ടിഭരണഘടന അവഗണിച്ച് പൊള്ളയായ പ്രകടനങ്ങളിലേക്കാണ് ചുരുങ്ങുന്നതെന്നും ബഹുജനസമരങ്ങളിൽ നിന്ന് മാറിനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയെ സ്വത്ത് സമ്പാദനത്തിനും പണത്തിനും പ്രശസ്തിക്കും വേണ്ടി ചിലർ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് പാർട്ടി നയത്തിന്റെ വ്യതിചലനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പുരുഷാധിപത്യ പ്രവണതകളും പാർട്ടിയിൽ പ്രകടമാണെന്നും, സ്ത്രീകളുടെ കഴിവുകളെ നേതൃനിരയിൽ പ്രയോജനപ്പെടുത്തുന്നില്ലെന്നും സംഘടനാ റിപ്പോർട്ട് വിമർശിച്ചു. തുടർച്ചയായ സ്വയംവിമർശനത്തിലൂടെയാണ് പാർട്ടിയുടെ കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിർത്താനാകുക എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
