പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് അര മിനുട്ടിനുള്ളിൽ പൂർത്തിയായതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. വിഭാഗീയത രൂക്ഷമായ ജില്ലയിലെ സമവായ നടപടിയെന്ന നിലയ്ക്കാണ് ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കാനുള്ള തീരുമാനമെന്ന് വ്യക്തമാക്കപ്പെട്ടു.
ഭാരിച്ച ഉത്തരവാദിത്വമാണ് ജില്ലാ സെക്രട്ടറി സ്ഥാനമേറ്റെടുത്തതെന്നും, ജില്ലയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് ചിറ്റയം ഗോപകുമാർ പ്രതികരിച്ചു.
അതേസമയം, നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട എ.പി. ജയൻ, ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെയാണ് ജയന്റെ തിരിച്ചുവരവ് സാധ്യമായത്. പാർട്ടി നടപടി നേരിട്ടപ്പോൾ ഏറെ വേദനിച്ചിരുന്നുവെന്നും, ഇപ്പോൾ ജില്ലാ നേതൃത്വത്തിലേക്ക് തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും വികാരാധിതനായ ജയൻ പ്രതികരിച്ചു.
