തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെതിരെ സിപിഐ സ്വീകരിച്ച ഉറച്ച നിലപാട് ഒടുവിൽ സിപിഎം സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്മാറാൻ നിർബന്ധിതരാക്കി. സർക്കാറിന്റെ നിലനില്പ് തന്നെ അപകടത്തിലായതോടെ “ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ നിലപാട്” തന്നെയാണ് വിജയിച്ചത്.
ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് പിണറായി വിജയൻ സിപിഐയ്ക്ക് മുന്നിൽ കീഴടങ്ങുന്നത്.
പിണറായിയുടെ “ബി ടീം”, “അധികാരത്തിനായി ആശയം പണയപ്പെടുത്തിയവർ” എന്നീ പഴികൾക്കെല്ലാം സിപിഐ ഉറച്ച മറുപടിയാണ് നൽകിയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. രാജാ, ബിനോയ്, പ്രസാദ്, അനിൽ, ചിഞ്ചുറാണി തുടങ്ങിയ സിപിഐ നേതാക്കൾ മുതൽ എഐവൈഎഫ്-എഐഎസ്എഫ് വരെയുള്ള സംഘടനകളും പി.എം. ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ തിരുത്തിച്ചിരിക്കുന്നു.
രണ്ട് തവണ കാബിനറ്റിൽ ചർച്ച ചെയ്ത് മാറ്റിവെച്ച പദ്ധതിയിൽ ഒരു ചർച്ചയും കൂടാതെ ഒപ്പിട്ടതായിരുന്നു സിപിഐയെ പ്രകോപിപ്പിച്ചത്. മുന്നണി മര്യാദയും ഭരണനിയമങ്ങളും ലംഘിച്ചുകൊണ്ട് ആർഎസ്എസ് നയത്തിന് കീഴടങ്ങിയതാണെന്ന് സിപിഐ ആരോപിച്ചു.
ദേശീയതലത്തിൽ ഇടത് പാർട്ടികൾ എതിർത്ത വിവാദ പദ്ധതിയിൽ സിപിഎം രഹസ്യമായി ചേർന്നത് സഹിക്കാനാകാത്ത നടപടിയായിരുന്നു സിപിഐയ്ക്കെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
സെക്രട്ടറിയേറ്റ് യോഗത്തിൽ ചില സിപിഐ മന്ത്രിമാർ രാജി സമർപ്പിക്കാൻ വരെ തയ്യാറായതോടെ, അപകടം തിരിച്ചറിഞ്ഞ സിപിഎം പിന്മാറേണ്ടി വന്നു. ആലപ്പുഴ ഗസ്റ്റ് ഹൗസിലെ നിർണായക ചർച്ചയിലാണ് പിണറായി ആദ്യമായി “മറിഞ്ഞ” ബിനോയ് വിശ്വവും സിപിഐ മന്ത്രിമാരും കാണേണ്ടി വന്നത്.
സിപിഐ മന്ത്രിമാർ രേഖാമൂലം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാത്ത പിണറായി, സിപിഐയുടെ ഉറച്ച നിലപാടിന് മുന്നിൽ വഴങ്ങേണ്ടിവന്നു. ഇതോടെ സിപിഐയുടെ രാഷ്ട്രീയ സ്വാധീനം എൽ.ഡി.എഫിനകത്ത് പുതുതായി ഉറപ്പിച്ചു.
“യഥാർത്ഥ തിരുത്തൽ ശക്തി സിപിഐ തന്നെയാണ്” — ബിനോയ് വിശ്വത്തിന്റെ വാക്കുകൾ ഇപ്പോൾ സർക്കാരിനകത്തും പുറത്തും രാഷ്ട്രീയ ചർച്ചയായി മാറി.
