പാലക്കാട്:
സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വിലക്കിയതിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ പ്രതികരണവുമായി രംഗത്ത്. പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചിട്ടും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ വിലക്കിയതിൽ ദുഃഖമുണ്ടെന്നും അത്രമേൽ വേദനയുണ്ടെന്നും ഇസ്മയിൽ പറഞ്ഞു.
“പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത്. ഇപ്പോൾ ഒന്നും പറയുന്നില്ല, പറയാനുള്ളത് പിന്നീട് പറയും,” എന്നാണ് ഇസ്മയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്.
അച്യുതമേനോൻ, എം.എ, എസ്. കുമാരൻ, എൻ.ഇ ബാലറാം, പി.കെ.വി, വെളിയം തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതും, പാർട്ടി നൽകിയ ചുമതലകൾ സ്തുത്യർഹമായി നിറവേറ്റിയതുമാണ് ജീവിതത്തിലെ വലിയ അഭിമാനം എന്നും ഇസ്മയിൽ പറഞ്ഞു.
2022-ലെ ഹൈദ്രബാദ് പാർട്ടി കോൺഗ്രസിൽ 75 വയസിന് മുകളിലുള്ളവരെ ഒഴിവാക്കാൻ എടുത്ത തീരുമാനത്തെ തുടർന്നാണ് താൻ പ്രാഥമിക അംഗമായി തുടരുന്നതെന്നും ഇസ്മയിൽ വ്യക്തമാക്കി.
“സമ്മേളനം ഭംഗിയായി നടക്കട്ടെ, ഗംഭീര വിജയമാകട്ടെ, എല്ലാ ആശംസകളും നേരുന്നു. ഞാൻ ജീവിതാവസാനം വരെയും ഒരു കമ്മ്യൂണിസ്റ്റായിരിക്കും,” എന്നും ഇസ്മയിൽ തന്റെ കുറിപ്പിൽ രേഖപ്പെടുത്തി.
