തിരുവനന്തപുരം:
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി ഉണ്ടായതിന്റെ കാരണങ്ങൾ വിശദമായി പഠിക്കുമെന്ന് സിപിഐ. ശബരിമല വിവാദത്തെ എതിര്‍ചേരി തിരഞ്ഞെടുപ്പിൽ എങ്ങനെ ഉപയോഗിച്ചു എന്നതും, മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നുപോയോയെന്നും പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
സംസ്ഥാന സർക്കാർ നിരവധി ജനകീയ പദ്ധതികൾ നടപ്പാക്കിയിട്ടും തിരഞ്ഞെടുപ്പിൽ വിജയിക്കാതെ പോയതിന്റെ കാരണങ്ങളും വിശദമായി പഠിക്കേണ്ടതുണ്ടെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്നലെ ചേർന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിശദമായി വിലയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിച്ച മൂന്ന് പ്രധാന വിഷയങ്ങളിലും സിപിഐഎം മുൻപ് തന്നെ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതാണ് സിപിഐയുടെ പ്രധാന വിലയിരുത്തൽ. എന്നാൽ, ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായില്ല എന്നാണ് സിപിഐഎമ്മിന്റെ നിലപാട്.
അതേസമയം, ശബരിമല വിവാദത്തെ എതിര്‍ചേരി എങ്ങനെ ഉപയോഗിച്ചു എന്നത് പരിശോധിക്കേണ്ടതുണ്ടെന്നാണ് സിപിഐയുടെ നിലപാട്. മതന്യൂനപക്ഷങ്ങളുടെ വോട്ട് ചോർന്നുവെന്ന വിലയിരുത്തൽ സിപിഐഎമ്മിനില്ലെങ്കിലും, ഈ വിഷയം പരിശോധിക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നു.
വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും ജനകീയ അടിത്തറ ശക്തമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
