പറവൂര്‍: തനിക്കെതിരെ ഉയർന്ന ലൈംഗിക അപവാദ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് കെ.ജെ. ഷൈന്‍ രംഗത്ത്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു യുഡിഎഫ് എംഎല്‍എയെ രക്ഷിക്കാന്‍ വേണ്ടി തന്നെയാണ് ഇത്തരം പ്രചാരണമുണ്ടായതെന്ന് അവര്‍ ആരോപിച്ചു.
പറവൂരിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈന്‍.
“സ്ത്രീവിരുദ്ധമായ മൂല്യബോധമുള്ള ചിലര്‍ സ്ത്രീകളെ അപവാദം പറയുന്നതില്‍ ആത്മരതി കണ്ടെത്തുന്നു. അവര്‍ക്കെതിരെ വെറുതെവിടാതെ പോരാടും. സ്ത്രീകള്‍ വീടിനകത്ത് ഒതുങ്ങുന്നവരല്ലെന്നു കാണിച്ചു തരേണ്ട സമയമാണിത്.” — കെ.ജെ. ഷൈന്‍
ഷൈന്‍ ആരോപിച്ചതനുസരിച്ച്:
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണന്‍ നടത്തുന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അപവാദ പ്രചരണം പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവില്ലാതെ ഇത് നടന്നിട്ടില്ലെന്നാണ് തന്‍റെ സംശയം. “രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ്, ‘ടീച്ചറേ, ഒരു ബോംബ് വരാനിരിക്കുകയാണ്’ എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ധൈര്യമായിട്ട് ഇരുന്നോളണം, എന്തു കേട്ടാലും വിഷമിക്കരുതെന്നും പറഞ്ഞു. ടീച്ചറേയും ഒരു എംഎല്‍എയേയും കൂട്ടി ഒരു സാധനം വരുന്നുണ്ടെന്നും അറിയിച്ചു. അതിനു ശേഷമാണ് ഈ പ്രചരണം വരുന്നത്. ആദ്യം തിരിച്ചറിയാന്‍ പറ്റാത്ത ഒരു പോസ്റ്ററാണ് വന്നത്. ഭര്‍ത്താവ് പരാതി കൊടുക്കാന്‍ പറഞ്ഞു, പേരും വിവരങ്ങളും ഒന്നുമില്ലാത്തത് കൊണ്ട് അന്ന് പരാതി നല്‍കിയില്ല’ കെ.ജെ.ഷൈന്‍ പറഞ്ഞു.
താന്‍ നല്‍കിയ പരാതി പൊലീസ്, എസ്പി ഓഫീസ്, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്ന് ഷൈന്‍ വ്യക്തമാക്കി.
“വലതുപക്ഷ രാഷ്ട്രീയത്തില്‍നിന്നാണ് ഈ പ്രചാരണം വന്നത്. മനോവൈകൃതബാധിതര്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഇനി സഹിക്കില്ല. വെറുതെയിരിക്കില്ല. സ്ത്രീകള്‍ ഇനിയും പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാല്‍ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നല്‍കണം. മനോവൈകൃതം ബാധിച്ച ഒരു പ്രായമുണ്ട്. നേര്‍വഴിക്ക് നടത്താന്‍ ആരുമില്ലാത്ത ചിലയാളുകള്‍ യൂട്യൂബ് ചാനലില്‍ വന്നിരുന്നത് എന്തെല്ലാമാണ് പറയുന്നത്. ഇത്തരക്കാരെ വെറുതെവിടില്ല’ കെ.ജെ.ഷൈന്‍ പറഞ്ഞു.”
