തിരഞ്ഞെടുപ്പിന് മുൻപ് സി.പി.എമ്മിൽ വിമത നീക്കം ശക്തം; സുധാകരൻ, ഐഷാ പോറ്റി, എസ്. രാജേന്ദ്രൻ, പി.കെ. ശശി തുടങ്ങി മുൻ എം.എൽ.എമാർ പാർട്ടിക്ക് വെല്ലുവിളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ സി.പി.എമ്മിൽ മുൻകാലത്തേതിനേക്കാൾ ശക്തമായ വിമത നീക്കങ്ങൾ ഉയരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. മുൻ എം.എൽ.എമാരായ ജി. സുധാകരൻ, ഐഷാ പോറ്റി, എസ്. രാജേന്ദ്രൻ, പി.കെ. ശശി എന്നിവർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പാർട്ടിയുമായി കലഹിച്ച് വേർപിരിഞ്ഞത് സി.പി.എമ്മിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇടുക്കിയിലെ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. ആലപ്പുഴയിൽ മുൻ മന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പാലക്കാട് മുൻ എം.എൽ.എ പി.കെ. ശശിയും നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

സംസ്ഥാനതലത്തിൽ നിന്ന് പ്രാദേശികതലം വരെ നിരവധി നേതാക്കൾ പാർട്ടി വിടുന്നത് തടയാൻ നേതൃത്വത്തിന് സാധിക്കാത്തത് തിരഞ്ഞെടുപ്പ് സമയത്ത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. പാർട്ടിക്കുള്ളിലെ അവഗണനയും വിഭാഗീയതയും തന്നെയാണ് പല നേതാക്കളെയും സി.പി.എം വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ഉയർത്തിക്കാട്ടി പി.വി. കുഞ്ഞികൃഷ്ണൻ പാർട്ടി വിട്ടതും വലിയ ചർച്ചയായിരുന്നു. ചാനൽ ചര്‍ച്ചകളിൽ സി.പി.എമ്മിന്റെ മുഖമായിരുന്ന റെജി ലൂക്കോസ് ഇപ്പോൾ ബി.ജെ.പി വക്താവാണ്. ബി.എൻ. ഹസ്‌കർ ആർ.എസ്.പി യിലേക്കും, തിരുവനന്തപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്കും ചേർന്നിട്ടുണ്ട്. അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സുജാ ചന്ദ്രബാബു മുസ്ലിം ലീഗിലും എത്തിയിട്ടുണ്ട്.

വി.എസ്. പക്ഷക്കാരനായിരുന്ന എ. സുരേഷിനെതിരെ പാർട്ടി നടപടി എടുത്തതും വിവാദമായിരുന്നു. മലമ്പുഴയിൽ സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന ചർച്ചകളും സജീവമാണ്.

ഇതിനിടെ, കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റിയും, ദേവികുളത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി എസ്. രാജേന്ദ്രനും ജനവിധി തേടും. ആലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന കാര്യത്തിലും ചർച്ചകൾ തുടരുകയാണ്.

പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച ജി. സുധാകരൻ മുൻ മന്ത്രി എളമരം കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് കരീം തയ്യാറാക്കിയ റിപ്പോർട്ട് കള്ളമാണെന്ന് സുധാകരൻ ആരോപിച്ചു. തന്റെ വിശദീകരണം ഉൾപ്പെടുത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

വിഭാഗീയത തുടച്ചുനീക്കിയ നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിലും സർക്കാരിലും കരുത്തോടെ തുടരുന്ന സമയത്താണ് ഈ വിമത നീക്കങ്ങൾ ഉയരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും പ്രമുഖർ പാർട്ടി വിടുമോ എന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.

malayalampulse

malayalampulse