തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടുടേം നിര്‍ബന്ധമാക്കി സിപിഐഎം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടുതവണ തുടർച്ചയായി മത്സരിച്ചവരെ മൂന്നാം തവണ സ്ഥാനാർത്ഥികളാക്കില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചു. രണ്ടുതവണ മത്സരിച്ചതിനു ശേഷം ഒരു ടേം വിട്ടിരുന്നാൽ മൂന്നാം തവണ പരിഗണനയ്ക്ക് അർഹതയുണ്ടാകും.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും മത്സരിക്കാൻ ആഗ്രഹിക്കുന്നവർ അവധി എടുത്ത ശേഷം മാത്രമേ മത്സരിക്കാവൂ എന്നും സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തലങ്ങളിൽ ഇളവ് വേണമെങ്കിൽ സംസ്ഥാന സമിതിയും, മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇളവ് വേണമെങ്കിൽ ജില്ലാ കമ്മിറ്റിയും പരിഗണിക്കും.

അതേസമയം, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗം സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കായി സംവരണം നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി 1995 മുതൽ നടപ്പിലാക്കിയ സംവരണ ക്രമം അടിസ്ഥാനമാക്കിയാണ് ആവർത്തനക്രമം പാലിച്ച് അധ്യക്ഷ സ്ഥാനങ്ങൾ നിശ്ചയിക്കുക.

malayalampulse

malayalampulse