തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡിഎ, ഡിആർ കുടിശികയുടെ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ സർക്കാർ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകുന്നത്. പെൻഷൻകാർക്കുള്ള ക്ഷാമബത്ത കുടിശികയും ഇതോടൊപ്പം വിതരണം ചെയ്യും.
ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലും ശേഷിക്കുന്ന തുക മാർച്ചിലും നൽകാനാണ് തീരുമാനം.
അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശിക പൂർണമായി തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കൂടാതെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ചതായും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
