കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷയിൽ വിധി പറയുന്നത്. കേസിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു.
ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറെൻസിക് പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ബസിൽ യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.
യുവതിയുടെ മാനസിക പീഡനവും ഭീഷണിയുമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം നൽകിയ പരാതിയെ അടിസ്ഥാനപ്പെടുത്തി ഷിംജിതയെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഷിംജിത ഉന്നയിച്ച ആരോപണങ്ങളാണ് ദീപക്കിന്റെ മരണത്തിന് കാരണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.
പയ്യന്നൂരിൽ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്നു ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു ദിവസംകൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന പരാതി ആരും നൽകിയിട്ടില്ലെന്നായിരുന്നു ബസ് ജീവനക്കാരുടെ പ്രതികരണം.
