കൊച്ചി: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് പോസ്റ്റർ അടിച്ചതിനെ ചൊല്ലിയ വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടി പോസിറ്റീവായി പ്രതികരിച്ചതിനാലാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും അതിന്റെ ഭാഗമായാണ് പോസ്റ്ററുകൾ തയ്യാറാക്കിയതെന്നും ദീപ്തി പറഞ്ഞു.
സീറ്റ് ലഭിക്കാത്തതിൽ പരാതിയില്ലെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. യുഡിഎഫിന് ഇത്തവണ കൊച്ചിയിൽ വലിയ ജനപിന്തുണയുണ്ടെന്നും ആര് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും ദീപ്തി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിറ്റിങ് എംഎൽഎമാർ നേരത്തെ തന്നെ പ്രചാരണത്തിനായി തയ്യാറായ സാഹചര്യത്തിൽ പുതിയ സ്ഥാനാർഥികൾക്കും മുന്നൊരുക്കം ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും ദീപ്തി മേരി വർഗീസ് കൂട്ടിച്ചേർത്തു.
