ഡൽഹി: ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തിരക്കേറിയ മെട്രോ കോച്ചിനുള്ളിൽ രണ്ട് പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കം കയ്യാങ്കളിയിലേക്കു മാറുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വീഡിയോയിൽ, രണ്ട് പെൺകുട്ടികൾ പരസ്പരം മുടി പിടിച്ച് വലിച്ചും അടിച്ചും ഉന്തിയും ഏറ്റുമുട്ടുന്നതാണ് കാണുന്നത്. ചുറ്റുമുള്ള യാത്രക്കാർ ഇത് നോക്കി നിൽക്കുന്നതും ചിലർ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
@gharkekalesh എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവാണ് തിരക്കേറിയ മെട്രോ കോച്ചിനുള്ളിൽ നടന്ന ഈ സംഭവം പങ്കുവച്ചത്. “ഡൽഹി മെട്രോയിലെ ഉന്തിനും തള്ളിനുമിടയിൽ രണ്ട് പെൺകുട്ടികളുടെ ഏറ്റുമുട്ടൽ” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രെയിനിനുള്ളിലെ തിക്കും തിരക്കുമാണ് വാക്കുതർക്കത്തിനും പിന്നീട് കയ്യാങ്കളിയിലേക്കും വഴിവച്ചതെന്നാണു പ്രാഥമിക സൂചന. എന്നാൽ സംഭവത്തിന്‍റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
വീഡിയോ സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. “ഡൽഹി മെട്രോയിൽ പലതവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല” എന്നാണ് ഒരാളുടെ പ്രതികരണം. “ഡൽഹി മെട്രോ ഇനി ഒരു പൊതുഗതാഗത സംവിധാനം അല്ല, ഒരു റിയാലിറ്റി ഷോയായി മാറുകയാണ്” എന്നായിരുന്നു മറ്റൊരു കമന്റ്.
സംഭവത്തെക്കുറിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തിറക്കിയിട്ടില്ല.
