ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ പൊലീസ് തെരയുന്ന ഉമർ മുഹമ്മദ് ആണെന്ന് സൂചന. കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തും.
ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ കറുത്ത മാസ്ക് ധരിച്ച ഒരാൾ റെഡ് ഫോർട്ട് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാർ ഓടിച്ച് പുറത്ത് വരുന്നത് കാണാം. ഈ വ്യക്തിയാണ് ഉമർ മുഹമ്മദ് എന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
സ്ഫോടനം നടന്ന ഹുണ്ടായ് ഐ20 കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ ഏകദേശം മൂന്നു മണിക്കൂർ നിർത്തിയിട്ടിരുന്നുവെന്നും, ലക്ഷ്യം തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റായിരുന്നുവെന്നും പൊലീസ് സൂചന നൽകി.
കാറിന്റെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഇന്നലെ വൈകിട്ട് 6.55ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷൻ മുന്നിൽ വൻ സ്ഫോടനം ഉണ്ടായത്. വേഗം കുറച്ച് എത്തിയ കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ കാറുകളും ഓട്ടോറിക്ഷകളും സൈക്കിൾ റിക്ഷകളും എല്ലാം തകർന്നു.
ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച്, തീഗോളം ആകാശത്തേക്ക് ഉയർന്നതും ഒരു കിലോമീറ്റർ അകലെയേയ്ക്കും പ്രകമ്പനം അനുഭവപ്പെട്ടതും ആണെന്ന് പറയുന്നു.
പ്രാഥമിക തെളിവുകൾ ഭീകരാക്രമണസാദ്ധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. എങ്കിലും സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
