പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; പരാതിക്കാരന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

അബുദാബി: പല്ല് മാറ്റിവെക്കൽ (ദന്തൽ ഇംപ്ലാന്റ്) ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിന് നഷ്ടപരിഹാരമായി ദന്തഡോക്ടറും ക്ലിനിക്കും ഒരുലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചു.

ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് കടുത്ത വേദനയും സങ്കീർണതകളും നേരിടേണ്ടി വന്ന പരാതിക്കാരന് തുടർന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തേണ്ടി വന്നിരുന്നു. തുടർന്ന്, ദന്തഡോക്ടർക്കും ദന്തൽ ക്ലിനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം അബുദാബി അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

പരാതിക്കാരൻ 3 ലക്ഷം ദിർഹവും 9% പലിശയും ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി 1 ലക്ഷം ദിർഹം മാത്രമാണ് അനുവദിച്ചത്.

മെഡിക്കൽ പരിശോധന റിപ്പോർട്ടുകൾ പരിശോധിച്ച ഹയർ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി, ദന്തഡോക്ടർ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അതാണ് പിഴവിന് കാരണമെന്നും കണ്ടെത്തി. ദന്തൽ ഇംപ്ലാന്റ് രോഗിയുടെ സൈനസ് കാവിറ്റിയിലേക്ക് മാറിയത് ഡോക്ടറുടെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, ഇത് “ഗുരുതരമല്ലാത്ത മെഡിക്കൽ പിഴവ്” ആണെന്നും, രോഗിക്ക് സ്ഥിരമായ വൈകല്യത്തിന് കാരണമാകാത്ത ചെറിയ തെറ്റാണെന്നും കമ്മിറ്റി വ്യക്തമാക്കി.

ദന്തഡോക്ടറെ ക്രിമിനൽ കോടതിയിൽ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും, സിവിൽ കോടതിക്ക് നഷ്ടപരിഹാര ഉത്തരവാദിത്തം ചുമത്താനാകുമെന്ന് കോടതി വ്യക്തമാക്കി.

അതിനാൽ, ദന്തഡോക്ടറും ക്ലിനിക്കും സംയുക്തമായി 100,000 ദിർഹം നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാനും, കോടതി ഫീസും നിയമച്ചെലവും അവർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

malayalampulse

malayalampulse