സ്വർണ്ണമോഷണത്തിന് പിന്നാലെ വിവാദ തീരുമാനവുമായി ദേവസ്വം ബോർഡ്; മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കും

തിരുവനന്തപുരം ∶ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന് വേദിയൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള നീക്കമാണ് ബോർഡ് ആരംഭിച്ചത്. കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുന്ന നടപടിയാണിതെന്ന് ആരോപണം.

‘അവതാരങ്ങളെ’ ഒഴിവാക്കാനാണെന്ന വ്യാഖ്യാനത്തോടെയാണ് ബോർഡ് നേരിട്ടുള്ള നിയമനത്തിന് തയ്യാറെടുക്കുന്നത്. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ നിയമനം പൂർത്തിയായതിനെ തുടർന്ന്, ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സഹായികളെ തെരഞ്ഞെടുത്ത് നിയമിക്കാനാണ് തീരുമാനം.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നത്. സഹായികളെ തെരഞ്ഞടുക്കുന്നവർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും, മറ്റു മാനദണ്ഡങ്ങൾ സംബന്ധിച്ച് വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ പരിഗണന ക്ഷേത്രങ്ങളിലെ അനുഭവപരിചയം മാത്രമാണ്.

മേൽശാന്തി നിയമനം ഹൈക്കോടതി നിരീക്ഷണത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. തൃശ്ശൂർ ചാലക്കുടി സ്വദേശി ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തിയായും, കൊല്ലം കൂട്ടിക്കട സ്വദേശി മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെയും പശ്ചാത്തലത്തെക്കുറിച്ച് ഹൈക്കോടതി ഇതിനകം ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സഹായികളിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഉത്തരവാദിത്വം ആരുടേതെന്ന് വ്യക്തമാക്കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.

സ്വർണ്ണപ്പാളി വിവാദകേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം കീഴ്ശാന്തിയുടെ സഹായിയായാണ് ശബരിമലയിൽ എത്തിയത് എന്നതും വിവാദത്തിന് കൂട്ടുനിൽക്കുന്നു.

2025–26 വർഷത്തെ മേൽശാന്തി നിയമന നടപടികളുടെ നിരീക്ഷകനായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ടി.ആർ. രാമചന്ദ്രൻ നായരെ ഹൈക്കോടതി നേരത്തേ നിയമിച്ചിരുന്നു. അഭിമുഖം മുതൽ നറുക്കെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളും വീഡിയോയിൽ രേഖപ്പെടുത്താനും കോടതി നിർദ്ദേശമുണ്ട്.

മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം, ഹൈക്കോടതിയുടെ മുൻ നിർദേശങ്ങളെയും നിയമന നടപടികളുടെ സുതാര്യതയെയും ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

malayalampulse

malayalampulse