രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ — ബിഹാറിലെ വോട്ടർ പട്ടികയിൽ സുതാര്യതയുണ്ടെന്ന് വാദം

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും ഉന്നയിച്ച ‘വോട്ട് മോഷണം’ എന്ന അവകാശവാദം വസ്തുതാപരമായി തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് ഇന്ത്യാ മുന്നണി മുന്നോട്ടുവച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് കമ്മീഷൻ വിശദീകരണം നൽകിയത്.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ സുതാര്യത ഉറപ്പാക്കിയതായും, അതിന് തെളിവായി രേഖകളും വീഡിയോ സാക്ഷ്യപത്രങ്ങളും പുറത്തുവിട്ടതായും കമ്മീഷൻ അറിയിച്ചു. ആർജെഡി, കോൺഗ്രസ്, സിപിഐ അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളുടെ സാക്ഷ്യങ്ങളും തെളിവുകളായി അവതരിപ്പിച്ചു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പും ശേഷവും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി നടത്തിയ യോഗങ്ങളുടെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ചു. ഫീൽഡ് തലത്തിൽ പരമാവധി സുതാര്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കമ്മീഷൻ ആവർത്തിച്ചു.

malayalampulse

malayalampulse