ഇ.പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ നാളെ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭൻ പുസ്തകം സ്വീകരിക്കും.

ആത്മകഥയുടെ പ്രസിദ്ധീകരണത്തോട് അനുബന്ധിച്ച് ഇ.പി. ജയരാജൻ, തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി. ഡി.സി. ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ രാഷ്ട്രീയ ഗൂഢാലോചന ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി തനിക്ക് പരിചയമില്ലായിരുന്നുവെന്നും, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കണ്ടെന്ന വിവാദം കെട്ടിച്ചമച്ചതാണെന്നും ജയരാജൻ വ്യക്തമാക്കി.

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള പടിയിറക്കം, നേരിട്ട ആക്രമണങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവയെ കുറിച്ചും പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “പറഞ്ഞ് തീരാത്ത അനുഭവങ്ങൾ ഇനിയും എഴുതേണ്ടി വരും” എന്നും ഇ.പി. ജയരാജൻ നമസ്തേ കേരള ചർച്ചാ പരിപാടിയിൽ വ്യക്തമാക്കി.

പ്രകാശനം കണ്ണൂരിലെ പാർട്ടി ചട്ടക്കൂടിനുള്ളിൽ നടക്കുന്ന ചടങ്ങിൽ നടത്താനാണ് തീരുമാനം.

malayalampulse

malayalampulse