‘വൈദേകം വിവാദത്തിൽ വ്യക്തത വരുത്തിയില്ല’; ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ‘വൈദേകം’ എന്ന അധ്യായത്തിലാണ് വിമർശനം.

വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി തന്റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്. യോഗത്തിൽ പി ജയരാജൻ സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും ഇപി പറയുന്നു. ആത്മകഥയുടെ 169-ാം പേജിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

‘അതിനിടയിലാണ് സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാർത്ത ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാർത്ത ദിവസങ്ങളോളം തുടർന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.

സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതെന്ന് പി.ജയരാജൻ വ്യക്തമാക്കി. വലിയ അഴിമതി ആരോപണമായി മാധ്യമ വാർത്തകൾ വന്നപ്പോൾ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമർഷവും ഇ പി പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ എനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു.

malayalampulse

malayalampulse