കൊച്ചി: ഓണാഘോഷത്തിന്റെ നിറക്കാഴ്ചകൾക്ക് പ്രത്യേക ചാരുത പകർന്നത് എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐഎഎസിന്റെ തിരുവാതിര ചുവടുകളായിരുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ കലക്ടർ ജീവനക്കാരോടൊപ്പം തിരുവാതിരകളിയിൽ പങ്കുചേർന്നു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കലക്ടറെ ജീവനക്കാർ ആഘോഷ വേദിയിലേക്ക് വരവേറ്റത്. കലക്ടർ തിരുവാതിര നൃത്തത്തിൽ പങ്കെടുത്തതോടെ ജീവനക്കാരുടെ ആവേശം ഇരട്ടിയായി.
പരിപാടിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിലും കലക്ടർ പങ്കെടുത്തിരുന്നു. ജീവനക്കാരുടെ ആർപ്പുവിളിയും കൈയ്യടിയും ഓണാഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. ഓണപ്പാട്ടും ഓണക്കളികളും ഒപ്പം ഓണസദ്യയും ഒരുക്കിയതോടെ കലക്ടറേറ്റിലെ ഓണാഘോഷം നിറഞ്ഞുനിന്നു.
