‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും’; ജി. സുധാകരന്റെ വീടിന് സമീപം ബാനർ, പൊലീസ് സുരക്ഷ

ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സുധാകരന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷയുടെ ചുമതല.

സുധാകരനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. ഇതിനിടെ സുധാകരന്റെ വീടിന് സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. “കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും” എന്ന വാചകമാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ‘ഭഗവതിക്കൽ സഖാക്കള്‍’ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സുധാകരനെതിരെ വിമർശനം ശക്തമാണ്.

അതേസമയം, സുധാകരൻ ഉയര്‍ത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.

ആദ്യഘട്ടത്തില്‍ സുധാകരനെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം ജാഗ്രത ശക്തമാക്കി. ജില്ലയിലെ ഭൂരിഭാഗം ലോക്കല്‍, ഏരിയ കമ്മിറ്റികളും ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. പാർട്ടി അംഗങ്ങളിൽ ഒരാൾ പോലും സുധാകരനൊപ്പം പോകാതിരിക്കാൻ ശ്രമം ശക്തമാക്കുകയാണ്.

അണികളെ കാര്യങ്ങൾ വിശദീകരിച്ച് ബോധ്യപ്പെടുത്താനും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനം സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം നടത്തുക.

ഇതിനിടെ, വാർത്താസമ്മേളനത്തിന് പിന്നാലെ സുധാകരനെ “വർഗവഞ്ചകൻ” എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ പോസ്റ്ററുകൾ പതിച്ചിരുന്നു. സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാഘവന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ജി. ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിന് സമീപം ചേർന്ന പ്രവർത്തകർ സുധാകരനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളും ഉയർത്തി.

സോഷ്യൽ മീഡിയയിലും സുധാകരനെതിരായ വിമർശനം ശക്തമായി തുടരുകയാണ്.

malayalampulse

malayalampulse