ജറുസലേം: ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽജസീറ ചാനലുമായി ബന്ധപ്പെട്ട അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പ്രമുഖ റിപ്പോർട്ടർ അനസ് അൽ ഷെരീഫ് ഉൾപ്പെടുന്നു.
മരിച്ച മറ്റ് മാധ്യമപ്രവർത്തകർ മുഹമ്മദ് ക്വറീഹ് (റിപ്പോർട്ടർ), ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ (കാമറമാൻമാർ), മൊയേമൻ അലിവ (ജേർണലിസ്റ്റ്) എന്നിവരാണ്.
സംഭവം അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു. മാധ്യമ പ്രവർത്തകർ തയ്യാറാക്കിയ താൽക്കാലിക ഷെഡുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് ഗാസാ സ്വദേശികൾക്കും ജീവൻ നഷ്ടപ്പെട്ടു.
ഇസ്രായേൽ സൈന്യം അനസ് അൽ ഷെരീഫിനെ “ഹമാസ് ഭീകരവാദി” എന്നാണ് വിശേഷിപ്പിച്ചത്. ഹമാസിന്റെ ഭാഗമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും, ഇസ്രായേലിനെതിരായ ആക്രമണങ്ങളിൽ പങ്കെടുത്തുവെന്നും ആരോപണമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ മനുഷ്യാവകാശ സംഘടനകൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണം എന്ന് വിലയിരുത്തി.
28 കാരനായ അൽ ഷെരീഫ് കൊല്ലപ്പെടുന്നതിന് മിനിട്ടുകൾക്ക് മുമ്പ് ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മുൻപ് അദ്ദേഹത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ് (CPJ) അറിയിച്ചു.
അതേസമയം, ഗാസയെ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും, “ഗാസയെ ഹമാസിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം” എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഗാസയിലെ അടുത്ത ഘട്ടങ്ങൾക്കായി വളരെ ചെറിയ സമയക്രമം മനസ്സിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
