കൊച്ചി: കേരളത്തില്‍ വിതരണം ചെയ്യുന്ന മുഴുവന്‍ റേഷനും കേന്ദ്ര സര്‍ക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് വ്യക്തമാക്കി. “കേരളത്തില്‍ കൊടുക്കുന്ന റേഷനില്‍ മുഴുവന്‍ അരിയും ‘മോദി അരിയാണ്’. പിണറായി വിജയന്റേത് ഒരു മണിപോലുമില്ല” എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഓണത്തിന് സംസ്ഥാനത്തിന് പ്രത്യേക അരിവിഹിതം അനുവദിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറഞ്ഞിരുന്നില്ലെന്നും, എന്നാല്‍ ഇനി മുതല്‍ പ്രവര്‍ത്തകര്‍ ഇത് വിളിച്ചുപറയണമെന്നും അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് നടക്കുന്നതെന്നും ഒരു രംഗത്തും കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രം ഓരോ മാസവും 1,18,754 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കളാണ് കേരളത്തിന് നല്‍കുന്നതെന്ന് അദ്ദേഹം കണക്ക് വെച്ചു പറഞ്ഞു. ഇതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി 69,831 മെട്രിക് ടണ്‍ അരിയും 15,629 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കൂടാതെ ടൈഡ്ഓവര്‍ പ്രകാരം 33,294 മെട്രിക് ടണ്‍ അരിയും നല്‍കുന്നുണ്ട്. ₹8.30 രൂപക്കാണ് അരി വിതരണം ചെയ്യുന്നത്.
ഓണംപോലെയുള്ള അവസരങ്ങള്‍ ആറ് മാസത്തെ അരി അഡ്വാന്‍സായി സംസ്ഥാനത്തിന് എടുത്ത് വിതരണം ചെയ്യാം. കൂടാതെ 22.5 രൂപയ്ക്കും അരി വാങ്ങാം. ഇതെല്ലാം മോദി അരിയാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
